Thursday, May 16, 2024
spot_img

ചൈനയിൽ കാർ ഉണ്ടാക്കി അതുമായി ഇങ്ങോട്ട് വരേണ്ട!!! ടെസ്‌ലയോട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദില്ലി: ചൈനയിൽ കാർ ഉണ്ടാക്കി ഇങ്ങോട്ട് കൊണ്ടുവരേണ്ടെന്ന് പ്രമുഖ വാഹന കമ്പനിയായ ടെസ്‌ലയോട് (Tesla) കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചൈനയിൽ കാറുകൾ നിർമ്മിക്കരുതെന്നും അങ്ങനെ നിർമ്മിക്കുന്ന വാഹനങ്ങൾ, ഇന്ത്യയിൽ കൊണ്ടുവരരുതെന്നും, വിൽക്കരുതെന്നും ടെസ്‌ലയോട് ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

അദ്ദേഹം പറഞ്ഞതിങ്ങനെ:

” ഇന്ത്യയിൽ ടെസ്‌ലയ്ക്ക് ഇലക്ട്രിക് കാറുകൾ (Electric Cars) നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്‌യാം. അതിനു നിങ്ങൾക്ക് എന്ത് പിന്തുണ വേണമെങ്കിലും ഞങ്ങളുടെ സർക്കാർ നൽകും, എന്നാൽ ചൈനയിൽ കാർ ഉണ്ടാക്കി അതുമായി ഇങ്ങോട്ട് വരേണ്ട” എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

അതേസമയം ഇന്ത്യയിൽ ടെസ്‌ലയുടെ മോഡലുകൾ 35 ലക്ഷം രൂപയ്ക്ക് വിൽക്കാമെന്നും കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നിലവിൽ ഇന്ത്യ 40,000 ഡോളറിനുമേൽ (30 ലക്ഷം രൂപ) വിലയുള്ള കാറുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. അമേരിക്കയിൽ ടെസ്‌ല കാറുകൾക്ക് പ്രാരംഭവില 30 ലക്ഷം രൂപയോളമാണ്. അതായത്, അവ ഇന്ത്യയിലെത്തുമ്പോൾ നികുതിയടക്കം വില ഇരട്ടിയാകും, 60 ലക്ഷം രൂപ. എന്നാൽ, ടെസ്‌ലയ്ക്ക് 35 ലക്ഷം രൂപയ്ക്കുമുതൽ ഇന്ത്യയിൽ വിൽക്കാനാകുമെന്ന് ഗഡ്‌കരി പറഞ്ഞു. ചൈനയിൽ നിർമ്മിക്കുന്നതിന് പകരം ടെസ്‌ല ഇന്ത്യയിൽ തന്നെ ഉത്‌പാദനം തുടങ്ങണം. ഇവിടെ നിന്ന് കയറ്റുമതിയും വേണം. അങ്ങനെയെങ്കിൽ, അവർക്കുവേണ്ട എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും ഗഡ്‌കരി പറഞ്ഞു.

Related Articles

Latest Articles