തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളായ യുവാക്കൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വാഹനങ്ങളിൽ നിയമപരമായി വരുത്താൻ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് ഗതാഗത കമ്മീഷണർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഈ റിപ്പോർട്ട് കൃത്യമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ സർക്കാർ ഇക്കാര്യത്തിൽ അന്തിമ വിജ്ഞാപനമിറക്കും. മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂർ അനുമതി കൂടാതെ തന്നെ വാഹന ഉടമകൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന പതിനെട്ട് തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടും ഫീസോടും കൂടി മാത്രം ചെയ്യാൻ കഴിയുന്ന മറ്റ് പ്രധാന മാറ്റങ്ങളുമാണ് കമ്മീഷണറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്.
ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം ബോഡി സ്റ്റിക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് കാം, ജിപിഎസ് ട്രാക്കർ, അധിക സ്പീക്കറുകൾ, ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, ഫ്ലോർ മാറ്റുകൾ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, മഡ് ഫ്ലാപ്പുകൾ, പാർക്കിങ് സെൻസർ, റിവേഴ്സ് ക്യാമറ, റൂഫ് കാരിയറുകൾ, അമ്പത് ശതമാനം വരെ സുതാര്യതയുള്ള സൺ ഫിലിം, സ്റ്റിയറിങ് വീൽ കവർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ടോ ഹുക്കുകൾ എന്നിവയാണ് യാതൊരുവിധ മുൻകൂർ അനുമതിയും ഇല്ലാതെ വാഹനങ്ങളിൽ ഘടിപ്പിക്കാൻ സാധിക്കുന്നത്. ഇതിൽ ബോഡി സ്റ്റിക്കറുകൾ മാന്യമായ രീതിയിലുള്ളവ ആയിരിക്കണം എന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ യഥാർത്ഥ നിറം മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രധാന പരിഷ്കാരങ്ങൾക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വരുന്നത്. നിശ്ചിത ഫീസ് അടച്ച് മുൻകൂർ അനുമതിയോടെ വാഹനത്തിന്റെ നിറം മാറ്റാമെന്നും ഇത് നിർബന്ധമായും ആർസി ബുക്കിൽ രേഖപ്പെടുത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം വാഹനങ്ങളിൽ എൽപിജി അല്ലെങ്കിൽ സിഎൻജി കിറ്റുകൾ ഘടിപ്പിക്കുന്നതിനും, സാധാരണ വാഹനങ്ങളെ ഭിന്നശേഷി സൗഹൃദ വാഹനങ്ങളാക്കി മാറ്റുന്നതിനും, പരമ്പരാഗത ഇന്ധന വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റുന്നതിനും അനുമതിയുണ്ടാകും. എഞ്ചിൻ മാറ്റിവെക്കൽ, ഷാസി ഫ്രെയിം മാറ്റൽ എന്നിവയും കൃത്യമായ അനുമതിയോടെയും ആർസി ബുക്കിൽ രേഖപ്പെടുത്തിയും മാത്രമേ ചെയ്യാൻ പാടുള്ളൂവെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ അടിവരയിടുന്നു.

