Tuesday, December 30, 2025

തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍. ആനയ്ക്കല്‍ ചെമ്മണ്ണൂര്‍ സ്വദേശികളായ മുകേഷ്, അബു, കിരണ്‍ എന്നിവരാണ് എം ഡി എം എ, ഹാഷിഷ് ഓയില്‍ എന്നിവ വില്‍പ്പന നടത്തുന്നതിനിടെ പോലീസിന്റെ പിടിയിലായത്. പോലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പുലര്‍ച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പോലീസിന്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു.

പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി ഉല്‍പ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്‌സൈസും സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ പ്രധാനമായും നടക്കുന്നത്.

അതേ സമയം പുതുവല്‍സരമാണെങ്കിലും നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ആഘോഷം. കൊവിഡിന് ഒപ്പം ഡിജെ പാര്‍ട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പോലീസിന്‌റെ കര്‍ശന നിലപാടുകളുമാണ് ആഘോഷങ്ങള്‍ കുറയാന്‍ പ്രധാന കാരണം. മിസ് കേരള അടക്കം കൊല്ലപ്പെട്ട കാറപകടത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് കര്‍ശന നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടിപ്രതി ചേര്‍ക്കുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles