Monday, May 6, 2024
spot_img

പിതാവ് പുനർ വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ വീട് അടിച്ചു തകര്‍ത്ത് മകന്‍; വസ്ത്രങ്ങളും പണവും മോഷ്ടിച്ചു: പരാതിയുമായി അച്ഛൻ രംഗത്ത്

തിരുവനന്തപുരം: പിതാവ് പുനർ വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ വീട് അടിച്ചു തകര്‍ത്ത് മകന്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് അഞ്ചംഗ സംഘം അടിച്ച്‌ തകര്‍ത്തത്. ഇതിനെ തുടർന്ന്, മകന്‍ സുനില്‍കുമാറിനും സുഹൃത്തുക്കള്‍ക്കുമെതിരെ മനോഹരന്‍ പരാതി നല്‍കി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വസ്ത്രങ്ങളും നാടന്‍ കോഴികളും മോഷ്ടിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്.

45,000 രൂപ വീട്ടില്‍ നിന്ന് അപഹരിച്ചതായും മോഹനന്‍ പരാതിയില്‍ ആരോപിക്കുന്നു. നാളുകളായി ഒറ്റയ്‌ക്ക് വീട്ടില്‍ താമസിച്ചിരുന്ന മോഹനന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന്‍ ആക്രമിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

മോഹനന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. മക്കള്‍ക്ക് പാരമ്പര്യ അവകാശമുള്ള സ്വത്തുക്കളെല്ലാം വീതിച്ചു നല്‍കി. ഇപ്പോള്‍ ആക്രമിക്കപ്പെട്ട വീട് മോഹനന്‍ അധ്വാനിച്ച്‌ പണിതുണ്ടാക്കിയതാണ്. ഇതിനിടെ പുനര്‍വിവാഹത്തിന് താല്പര്യമുണ്ടെന്ന് അറിയിച്ചതോടെയാണ് മകനും സുഹൃത്തുക്കളായ നാല് പേരും ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടതെന്ന് മോഹനന്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles