Sunday, April 28, 2024
spot_img

തുർക്കി-സിറിയ ഭൂകമ്പം;
മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു ; പുനർനിർമ്മാണ പ്രക്രിയയിലേക്കു കടന്ന് തുർക്കി

അംഗാര : ഫെബ്രുവരി ആറിന് പുലർച്ചെ തെക്കൻ തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 കടന്നു. തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി വെള്ളിയാഴ്ച രാത്രി 44,218 മരണങ്ങൾ ഭൂകമ്പത്തിലുണ്ടായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിറിയയിലെ മരണസംഖ്യ 5,914 എന്നാണു റിപ്പോർട്ട്.

അതേസമയം , ഒരു വർഷത്തിനുള്ളിൽ ഭൂകമ്പത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുമെന്ന് പ്രസിഡന്റ് തയ്യിപ് എർദോഗൻ പ്രതിജ്ഞയെടുത്തതോടെ അംഗാരയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായി.

എന്നാൽ നിർമാണത്തിന്റെ വേഗതയെക്കുറിച്ച് വിദഗ്ധർ ആശങ്ക പങ്കുവച്ചു. അധികാരികൾ വേഗതയ്ക്ക് പകരം സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുനർനിർമ്മിച്ച ചില കെട്ടിടങ്ങളും തുടർചലനങ്ങളിൽ തകർന്നതായി റിപ്പോർട്ടുണ്ട്. തുർക്കിയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 5,20,000 അപ്പാർട്ടുമെന്റുകളടങ്ങിയ 1,60,000 കെട്ടിടസമുച്ചയങ്ങൾ തകർന്നു എന്നാണു കണക്ക്.

15 ബില്യൺ ഡോളർ ചെലവിൽ 2,00,000 അപ്പാർട്ടുമെന്റുകളും 70,000 വീടുകളും നിർമ്മിക്കാനാണ് തുർക്കി സർക്കാർ ലക്ഷ്യമിടുന്നതെന്ന് എർദോഗൻ പറഞ്ഞു. എന്നാൽ പുനർനിർമ്മാണ ചെലവ് 25 ബില്യൺ ഡോളറിലെത്തുമെന്നാണ് യുഎസ് ബാങ്ക് ജെ പി മോർഗൻ പറയുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി) പ്രകാരം കുറഞ്ഞത് 1.5 ദശലക്ഷം ആളുകൾ ഭവനരഹിതരായി എന്നാണ് കണക്ക്.

കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ച 1 ബില്യൺ ഡോളർ ഫണ്ടിൽ നിന്ന് 113.5 മില്യൺ ഡോളർ ലഭിച്ചതായി യുഎൻ ഏജൻസി പറഞ്ഞു, ഈ പണം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുപയോഗിക്കും.
നിലവിൽ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ടെന്റുകളിലും കണ്ടെയ്‌നർ ഹോമുകളിലുമാണ് പാർപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles