Friday, May 17, 2024
spot_img

ഇരുപത്തിയേഴാമത് ഐ. എഫ്. എഫ്. കെയുടെ സംഘാടക സമിതി രൂപീകരിച്ചു; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇറാനിയന്‍ സംവിധായിക മഹനാസ് മൊഹമ്മദിക്ക്

തിരുവനന്തപുരം: ഇരുപത്തിയേഴാമത് ഐ. എഫ്. എഫ്. കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍ യോഗം ഉദ്ഘാടനം നിവ്വഹിച്ചു. ഐ. എഫ്. എഫ്.കെ മോഷന്‍ ടീസര്‍ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇറാനിയന്‍ സംവിധായിക മഹനാസ് മൊഹമ്മദിക്ക് സമ്മാനിക്കും. ഭരണകൂടത്തിന്റെ അനിഷ്ടത്തിന് പാത്രമായി ജയില്‍ ശിക്ഷ വരെ അനുഭവിച്ച വ്യക്തിയാണ് ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന മഹനാസ് മൊഹമ്മദി. അവാര്‍ഡ് സ്വീകരിക്കാന്‍ കേരളത്തിലെത്തുമെന്ന് മഹനാസ് അറിയിച്ചിട്ടുണ്ട്.

ഇത്തവണത്തെ ചലച്ചിത്ര മേളയിലേക്ക് 800 എന്‍ട്രികളാണ് ലഭിച്ചത്. ഇന്റര്‍നാഷണല്‍ സിനിമ മത്സര വിഭാഗത്തിലെ എല്ലാ ചിത്രങ്ങളുടെയും- ഇന്ത്യന്‍ പ്രീമിയറായിരിക്കും ഇത്തവണത്തെ പ്രത്യേകത. മാസ്‌റ്റേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിഭാഗവും ഉണ്ടാവും. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡ് പ്രദര്‍ശിപ്പിക്കും.

ചടങ്ങില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റുമായ സമിതിയില്‍ റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനായി എം വിജയകുമാറും ഹോസ്പിറ്റാലിറ്റി ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി ജി സുരേഷ് കുമാറും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ശ്യാമ പ്രസാദും ഡെലിഗേറ്റ് കമ്മിറ്റി ചെയര്‍മാനായി കെ ജി മോഹന്‍ കുമാറും എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാനായി നേമം പുഷ്പരാജും വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാനായി കെ എസ് സുനില്‍ കുമാറും ഓഡിയന്‍സ് പോള്‍ കമ്മിറ്റി ചെയര്‍മാനായി പി എം മനോജും ഹെല്‍ത്ത് ആന്‍ഡ് കോവിഡ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി ജമീല ശ്രീധരനും മീഡിയ കമ്മിറ്റി ചെയര്‍മാനായി ആര്‍ എസ് ബാബുവും തിയറ്റര്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി സണ്ണി ജോസഫും തിയറ്റര്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി വിപിന്‍ മോഹനും പ്രവര്‍ത്തിക്കും.

Related Articles

Latest Articles