Sunday, April 28, 2024
spot_img

ഗുസ്‌തി സമരത്തിൽ ട്വിസ്റ്റ് ; മുതിർന്ന താരങ്ങൾക്കെതിരെ പ്രതിഷേധവുമായി ജൂനിയർ താരങ്ങൾ

ദില്ലി- സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ,ബജ്‌റംഗ് പൂനിയ എന്നിവർക്കെതിരെ പ്രതിഷേധവുമായി ജൂനിയർ ഗുസ്‌തി താരങ്ങൾ. ഗുസ്‌തി ഫെഡറേഷൻ സസ്‌പെൻഡ് ചെയ്‌തതിനാൽ കരിയറിലെ ഒരു വർഷം നഷ്‌ടമായെന്നാരോപിച്ചാണ് പ്രതിഷേധം.

ഗുസ്‌തി ഫെഡറേഷന്‍റെ മുൻ പ്രസിഡന്‍റായിരുന്ന ബ്രിജ്‌ഭൂഷണെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 2023 ജനുവരി മുതൽ ഡബ്ല്യു.എഫ്‌.ഐയെ രണ്ടുതവണ സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ദേശീയ ക്യാമ്പുകളും മറ്റ് മത്സരങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ഇത് തങ്ങളുടെ കരിയറിലെ നിർണായകമായ ഒരു വർഷം നഷ്‌ടമാക്കുകയാണെന്നാണ് ജൂനിയർ ഗുസ്‌തി താരങ്ങളുടെ പരാതി.

നിലവിൽ ഗുസ്‌തി ഫെഡറേഷൻ നിയന്ത്രിയ്‌ക്കുന്നത് കായിക മന്ത്രാലയം നിയോഗിച്ച പാനൽ ആണ്. ഇത് പിരിച്ചുവിട്ട് സസ്‌പെൻഡ് ചെയ്‌ത ഡബ്ല്യു.എഫ്‌.ഐ പുനഃസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ബാഗ്‌പട്ടിലെ ഛപ്രൗലി ആര്യസമാജ് അഖാരയിൽ നിന്നും നരേലയിലെ വീരേന്ദർ റസ്‌ലിങ് അക്കാദമിയിൽ നിന്നുമായി 300-ഓളം പേർ പ്രതിഷേധത്തിനായി അണിനിരന്നു. ഇതോടെ പൊലീസിന് ഇവരെ നിയന്ത്രിക്കാനാകാതെ വന്നു.

സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ,ബജ്‌റംഗ് പൂനിയ എന്നിവർക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് ഇവർ പ്രതിഷേധിച്ചത്. ‘മൂന്ന് ഗുസ്‌തിക്കാരിൽ നിന്നും ഞങ്ങളുടെ കളിയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളുമായാണ് ഇവര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസിൽ ഗുസ്‌തി താരങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. അന്ന് ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ആയിരങ്ങൾ അണിനിരന്നിരുന്നു.

Related Articles

Latest Articles