കോഴിക്കോട്: കൊയിലാണ്ടി കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന് ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ അറസ്റ്റിലായി. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു (47)വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനെയുമാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം15-ാം തിയതി പുലർച്ചെയാണ് കീഴരിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ ഇവർ കവർച്ചക്ക് ശ്രമിച്ചത്. നാല് പേരടങ്ങിയ സംഘമാണ് കവർച്ച ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സി ഐ എൻ സുനിൽ കുമാർ, എസ് ഐ വിഷ്ണു സജീവ്, എസ് ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, ഒ കെ സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനീഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികൾ കൂടി പിടിയിലാവാനുണ്ട്. അറസ്റ്റിലായ അഷ്റഫ് പോക്സോ കേസിലും പ്രതിയാണ്. പേരാമ്പ്രയിലെ വീട് കുത്തിതുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ കൂട്ടുപ്രതി കൂടിയാണ് ഇയാൾ.

