കശ്മീർ: ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിൽ ഭീകരർ താവളമാക്കിയ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

ബാലക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീർ അതിർത്തിയിൽ ഗ്രാമീണരെ മറയാക്കി പാകിസ്ഥാൻ മിസൈൽ, മോർട്ടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാകിസ്ഥാന്‍റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

ബാലാകോട്ട് അക്രമണത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്. ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.