Thursday, October 1, 2026

യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; കായംകുളത്ത് ലീഗ് നേതാവ് വിവാദത്തിൽ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുമായി മുസ്ലിം ലീഗ് നേതാവ്. യുഡിഎഫ് മണ്ഡലം കൺവീനർ എ. ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് കായംകുളം സാക്ഷ്യം വഹിക്കുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവൻഷനിലാണ് ഇർഷാദ് വിവാദ പ്രസ്താവന നടത്തിയത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും ചെയ്യാമെന്ന നിലപാടാണ് പ്രതിഭയുടേതെന്ന് ഇർഷാദ് ആരോപിച്ചു. എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിലെ നിലപാട് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും, കേവലം ‘നാക്ക് ചാതുര്യം’ കൊണ്ടാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇർഷാദ് പരിഹസിച്ചു. ഇതിനിടെ നടത്തിയ ചില വ്യക്തിപരമായ പരാമർശങ്ങളാണ് സ്ത്രീവിരുദ്ധമെന്ന ആക്ഷേപത്തിന് ഇടയാക്കിയത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത അതേ വേദിയിൽ വെച്ചായിരുന്നു ഇർഷാദിന്റെ ഈ അധിക്ഷേപ പ്രസംഗം. ഇതേ കൺവൻഷനിൽ വെച്ച് താൻ നേരിട്ട തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് സ്ഥാനാർത്ഥി എം. ലിജു വൈകാരികമായി സംസാരിച്ചിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടയിലാണ് ഇർഷാദിന്റെ മോശം പരാമർശങ്ങളും ചർച്ചയാകുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു വനിതാ ജനപ്രതിനിധിക്കെതിരെ ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ ആരോപിച്ചു. വിഷയത്തിൽ വരും ദിവസങ്ങളിൽ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകാനാണ് എൽഡിഎഫ് നീക്കം.

Related Articles

Latest Articles