ദില്ലി: ലോകത്തെ ആശങ്കയിലാക്കി റഷ്യ , യുക്രൈനിൽ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തിൽ യുക്രൈനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം മന്ത്രാലയത്തിന്റെ കൺട്രോൾ റൂം 24×7 അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാണെന്നും അധികൃതർ വ്യക്തമാക്കി. റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളികോവ്ന്നെ ആവശ്യപ്പെട്ടിരുന്നു.
യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് അറിയിച്ചു. യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ നിരവധി മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്.

