Wednesday, May 15, 2024
spot_img

മകളെ കണ്ണീരോടെ യാത്രയാക്കി അച്ഛൻ യുദ്ധഭൂമിയിലേക്ക്‌; യുദ്ധവെറിയുടെ കാണാക്കാഴ്ചകൾ

മകളെ കണ്ണീരോടെ യാത്രയാക്കി അച്ഛൻ യുദ്ധഭൂമിയിലേക്ക്‌; യുദ്ധവെറിയുടെ കാണാക്കാഴ്ചകൾ | UKRAINE

യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയാണ് യുക്രയിനിൽ. യുക്രൈൻ തലസ്ഥാനമായ കീവിൽ പൊതുജനങ്ങൾക്ക് സൈന്യം ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്‍റെയും പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കിയുടെയും തീരുമാനം.

എന്നാലിപ്പോഴിതാ മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്‍കി യാത്രയാക്കുന്ന ഒരു അച്ഛന്‍. കാണുന്നവരുടെ കണ്ണ് നിറയിപ്പിക്കുന്ന കാഴ്ച. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. റഷ്യയുടെ ആക്രമണത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന യുക്രൈനില്‍നിന്നുള്ളതാണ് ഈ വീഡിയോ. മകളെ പൗരന്മാര്‍ക്കുള്ള സുരക്ഷിതസ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ് ഈ അച്ഛന്‍. സ്വതന്ത്ര മാധ്യമമായ ന്യൂ ന്യൂസ് ഇ.യു. ആണ് വികാരഭരിതമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ പുരുഷന്മാര്‍ക്ക് ആയുധം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുക്രൈന്‍. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ഈ പിതാവും മടങ്ങുന്നത്‌.

മകളെ സുരക്ഷിതസ്ഥാനത്തേക്കുള്ള ബസില്‍ കയറ്റിവിടുന്നതിന് തൊട്ടുമുന്‍പുള്ളതാണ് ഈ വീഡിയോ. മകള്‍ ബസില്‍ കയറിയതിന് പിന്നാലെ അവര്‍ ഇരിക്കുന്ന സീറ്റിന്റെ ചില്ലിലേക്ക് പുറത്തുനില്‍ക്കുന്ന പിതാവ് വലതുകൈപ്പത്തി ചേര്‍ത്തുവെക്കുന്നതും കാണാം. അതേസമയം ഈ വീഡിയോ ഏത് സ്ഥലത്തുനിന്നുള്ളതാണെന്ന കാര്യം വ്യക്തമല്ല.

Related Articles

Latest Articles