Sunday, May 5, 2024
spot_img

തൊടുപുഴയിലെ ഉരുൾപ്പൊട്ടൽ; ഒരു കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയുണ്ടായ ഉരുൾപ്പൊട്ടലിൽ അഞ്ച് വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹവും കണ്ടെത്തി. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപ്പൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീടിന്‍റെ അസ്ഥിവാരമൊഴികെ മറ്റെല്ലാം ഉരുൾപ്പൊട്ടലിനോടൊപ്പം ഒലിച്ചുപോയി. വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബത്തിലെ അഞ്ച് പേരും അതോടൊപ്പം ഒലിച്ചിറങ്ങി. ശക്തമായ ഉരുൾപ്പൊട്ടലിൽ വീടോടു കൂടെയാണ് ഇവര്‍ ഒലിച്ച് പോയതെന്ന് കരുതുന്നു. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. 2018 ലെ പ്രളയത്തില്‍ പോലും വെള്ളം കയറാതിരുന്ന പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

ഇന്നലെ രാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഈ മഴയ്ക്ക് പിന്നാലെ ഉരുൾപ്പൊട്ടുകയായിരുന്നു. രാത്രിയില്‍ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘും സ്ഥലത്തുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്. പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ സുഗമമാണ്. പുളിയന്മല സംസ്‌ഥാന പാതയിൽ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തെരച്ചിലിന്നായി എൻഡിആർഎഫ് സംഘം ഇന്ന് എത്തും. തൃശൂരിൽ നിന്നുള്ള സംഘം ഇതിനോടകം തൊടുപുഴയിലേക്ക് പുറപ്പെട്ടു.

ഉരുൾപ്പൊട്ടൽ സാഹചര്യം നിലനിൽക്കുന്നതിനാൽ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രികാല യാത്ര നിരോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്ര നിരോധിക്കണോയെ കാര്യത്തിൽ വൈകീട്ട് തീരുമാനമെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. മധ്യകേരളത്തിൽ മലയോര മേഖലയിൽ അതിശക്തമായ മഴ ഇന്നും തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായി. പത്തനംതിട്ടയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ പ്രദേശങ്ങളിൽ വെളളം കയറി. 2018-ലെ പ്രളയത്തിൽ പോലും വെളളം കയറാത്ത സ്ഥലങ്ങളിലാണ് ഇത്തവണ വെളളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നു.

Related Articles

Latest Articles