Thursday, May 9, 2024
spot_img

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: എസ്എഫ്ഐയിൽ ആഭ്യന്തരകലാപം രൂക്ഷം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘർഷത്തെ തുടർന്ന് എസ് എഫ് ഐയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുത്തു മുഖം രക്ഷിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ അക്രമികളെ സംരക്ഷിക്കുയാണ് എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും പ്രാദേശിക നേതാക്കൾ. സംഭവത്തിൽ ക്ഷമ ചോദിച്ചു കൊണ്ടുള്ള എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വിപി സാനു വിന്റെ പോസ്റ്റ്‌ ആണ് തർക്കങ്ങൾക്ക് തുടക്കം കുറിച്ചത്. വളരെ കാല്പനിക തലത്തിൽ നിന്നുകൊണ്ട് വികാരപരമായി മറുപടി നൽകാനാണ് സാനു പോസ്റ്റിൽ ശ്രമിച്ചത്. എന്നാൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന ഗുണ്ടായിസത്തെ കുറിച്ചോ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയ വിദ്യാർത്ഥികൾ ഉന്നയിച്ച മറ്റ് ആരോപണങ്ങളെ കുറിച്ചോ മറുപടി നൽകാൻ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് തയാറായിട്ടില്ല.

പെൺകുട്ടികളെ അസഭ്യം പറയുകയും ആൺകുട്ടികളെ ദേഹോപദ്രവും ഏൽപ്പിക്കുകയും ചെയ്യുന്ന കോളേജിലെ എസ്എഫ്ഐ യൂണിറ്റ്‌ നേതാക്കന്മാരെ എതിർത്തു കൊണ്ടായിരുന്നു അംഗങ്ങൾ ആയ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. യൂണിറ്റ് ഭാരവാഹികളുടെ ഇരിപ്പിടമായ “ഇടിമുറി”യിൽ ആയുധങ്ങൾ സംഭരിച്ച് വെച്ചിട്ടുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായ ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാതെ കണ്ണിൽ പൊടിയിടുന്നതാണ് എസ്എഫ്ഐ ദേശീയ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നും ആരോപണമുണ്ട്.

എന്നാൽ മറുവശത്ത് ക്ഷമ ചോദിച്ചുകൊണ്ടുള്ള വിപി സാനുവിന്റെ നിലപാടിനെതീരെ കടുത്ത അമർഷമാണ് പ്രാദേശിക തലത്തിൽ എസ്എഫ്ഐയിൽ ഉയരുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു മുന്‍പാകെ നല്‍കിയിട്ടുണ്ടെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞതിനെതിരെയാണ് പ്രകടമായ എതിർപ്പ്. ഈ നിർദേശത്തോട് സംസ്ഥാന കമ്മിറ്റി തടസവാദം ഉന്നയിക്കുകയാണ്. അക്രമത്തിൽ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു മുൻപ് സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നുമാണ് സംസ്ഥാന കമ്മിറ്റിയുടെ അവകാശവാദം.

യൂണിറ്റ് ഭാരവാഹികളുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയാണ് സിപിഎമ്മിന്റെ ജില്ലാനേതൃത്വവും നൽകിവരുന്നത്. അതുകൊണ്ട് തന്നെ വിപി സാനുവിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം വരുംദിവസങ്ങളിൽ രൂക്ഷമാകാനാണ് സാധ്യത.

Related Articles

Latest Articles