Thursday, May 9, 2024
spot_img

പത്തു ദിവസത്തെ അവധിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് തുറന്നുകൊടുക്കും; കനത്ത പൊലീസ് കാവലിൽ യൂണിവേഴ്‌സിറ്റി കോളേജ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും. പത്തു ദിവസത്തെ അവധിക്ക് ശേഷമാണ് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുക്കുന്നത്. പുതിയ പ്രിന്‍സിപ്പല്‍ ചുമതലയെടുത്തതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തിദിവസമായിരിക്കും ഇത്. കനത്ത പൊലീസ് സുരക്ഷയിലായിരിക്കും കോളജ് തുറക്കുക.

മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് കോളജിന് അവധി പ്രഖ്യാപിക്കുകയായിരുന്നു. കോളജിലെ സംഘര്‍ഷത്തില്‍ ഇടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ വിശ്വംഭരന് പകരം പുതിയ പ്രിന്‍സിപ്പലിനെ കൊളജില്‍ നിയമിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ബാബുവിനാണ് പുതിയ ചുമതല.

എസ്‌എഫ്‌ഐയും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്‌എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ‌അതേസമയം ഇന്ന് ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തുമെന്ന് എഐഎസ്‌എഫ് അറിയിച്ചിട്ടുണ്ട്. യൂണിറ്റ് സമ്മേളനത്തിന് ശേഷം വരുംദിവസങ്ങളില്‍ ക്യാമ്പസില്‍ സംഘടനയുടെ കൊടിമരം നാട്ടുമെന്നും എഐഎസ്‌എഫ് അറിയിച്ചു.

Related Articles

Latest Articles