തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച മുതൽ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് മുതല്‍ ഒൻപത് വരെയുള്ള ക്ലാസ്സുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും.
പരീക്ഷാ ദിവസങ്ങളില്‍ എല്‍ പി ക്ലാസ്സിലെ കുട്ടികൾ കളര്‍ പെന്‍സില്‍, ക്രയോണുകള്‍ തുടങ്ങിയവ കരുതണം. മാത്രമല്ല അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8,9 ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.
ഇത്തവണ മൊത്തം 34,37,570 കുട്ടികള്‍ ആണ് പരീക്ഷ എഴുതുന്നത്. അതേസമയം കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ആശംസകളും നേര്‍ന്നു.

