Sunday, May 5, 2024
spot_img

തുർക്കിക്ക് പിന്നാലെ ഇന്ത്യയ്ക്കും ഉപരോധം? ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക…

ന്യൂഡൽഹി: റഷ്യയിൽ നിന്നും എസ് 400 എയർ ഡിഫൻസ് സിസ്റ്റം വാങ്ങിയാൽ കടുത്ത നടപടികളിൽ ഇളവ് നൽകില്ലെന്ന് ഇന്ത്യയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ തുർക്കിക്ക് ഏർപ്പെടുത്തിയതിന് സമാനമായ ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. 5.5 ബില്യൺ ഡോളർ കരാർ ഉപേക്ഷിച്ച് നയതന്ത്ര പ്രതിസന്ധി ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടു. അതേസമയം റഷ്യയില്‍നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎസിന്റെ നിയമത്തില്‍ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. കൂടാതെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി അടുത്താഴ്ചയാണ് ജോ ബൈഡൻ അധികാരമേൽക്കുന്നത്. അധികാരമേൽക്കുന്ന ബൈഡന്‍ ഭരണകൂടം റഷ്യയോട് കൂടുതല്‍ കര്‍ശന സമീപനം എടുത്തേക്കുമെന്നതിനാല്‍, റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപാടില്‍ യുഎസിന്റെ നിലപാടില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.

അതേസമയം ചൈനയുടെ ഭീഷണി നേരിടാൻ മിസൈൽ പ്രതിരോധ സംവിധാനം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട് വ്യക്തമുക്കുന്നത്. പ്രതിരോധ സാമഗ്രികൾ തിരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ എല്ലായ്‌പ്പോഴും സ്വതന്ത്ര വിദേശനയം പിന്തുടരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എതിരാളിയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കു മേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധത്തിന് (സിഎടിഎസ്എ) മുന്നിൽ മുട്ടുമടക്കില്ലെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. അമേരിക്കയുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല സൗഹൃദമാണ് ഉള്ളതെന്ന് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം പിന്തുടരുന്നുവെന്നും ദേശീയ സുരക്ഷാ താല്പര്യങ്ങള്‍ക്കനുസൃതമായി പ്രതിരോധ ഇടപാടുകള്‍ക്കള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles