Friday, April 26, 2024
spot_img

ഓം വിഘ്നേശ്വരായ നമഃ നാടെങ്ങും വിഘ്നേശ്വര ജയന്തിയുടെ ആഘോഷത്തിൽ; പ്രധാന ക്ഷേത്രങ്ങളിൽ വിശേഷാൽ ചടങ്ങുകൾ; തെരുവീഥികളിലും വീടുകളിലും ഗണപതി പൂജ

ഇന്ന് വിനായക ചതുർത്ഥി. മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്. ഗണേശ പൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഈ ദിവസം നടത്തിവരാറുള്ളത്. ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. രാവിലെ മുതൽ എല്ലാ പ്രധാന ഗണപതി ക്ഷേത്രങ്ങളിലും വലിയ ഭക്തജന തിരക്ക് അനുഭവപ്പെടുന്നു.

കളിമണ്ണിൽ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിർമ്മിച്ച് പൂജ നടത്തിയശേഷം കടലിൽ നിമഞ്ജനം ചെയ്യുന്നതും വിനായക ചതുര്‍ത്ഥി നാളിലാണ്. വളരെ പ്രത്യേകതകൾ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി. തലയ്ക്ക് ചേരാത്ത ഉടലും, ഉടലിനു ചേരാത്ത വയറും, വയറിനു ചേരാത്ത കാലും, ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയെ മറ്റ് ദേവതകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം. ഇത് തന്നെയാണ് ഗണപതി സങ്കൽപ്പത്തിനും പിന്നിലുള്ളത്. ദേവ -മനുഷ്യ -മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് . ഒരിക്കൽ ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതിയുടെ കുടവയറും താങ്ങിയുള്ള നൃത്തത്തെയാണ് ചന്ദ്രൻ പരിഹസിച്ചത്. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാൻ തയ്യാറായില്ല. അങ്ങനെ, ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന്‌ പാത്രമാകുമെന്ന് ഗണപതി ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാൻ്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യം.

ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ ചടങ്ങുകൾ നടക്കുന്നുണ്ട്. ഓണം നാളുകളിലെ ആഘോഷത്തിൽ കൂടിയാണ് കേരളം. തെരുവീഥികൾ കളിമണ്ണുകൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞിട്ട് ദിവസങ്ങളായി. പത്ത് ദിവസത്തെ പൂജക്ക് ശേഷം കേരളത്തിന്റെ പല ഭാഗങ്ങളിലും നിമഞ്ജന ഘോഷയാത്രകൾ നടക്കും. വീടുകളിലും ഗണേശ വിഗ്രഹങ്ങളുടെ പൂജ നടന്നുവരുന്നു. ഉത്തരേന്ത്യയിലെ പോലെ വിപുലമായ ആഘോഷപരിപാടികൾ കേരളത്തിലും ഈ വർഷം നടക്കുകയാണ്

Related Articles

Latest Articles