Monday, May 6, 2024
spot_img

ആ അദ്ധ്യായം അവസാനിച്ചു; കമ്മ്യൂണിസ്റ്റ് യാഥാസ്ഥിതികതക്കെതിരെ ജനാധിപത്യത്തിനും പുരോഗമനത്തിനും വേണ്ടി വാദിച്ച ലോകാരാധ്യനായ നേതാവ് മിഖായേൽ ഗോര്‍ബച്ചേവിനു വിട; ആദരാഞ്ജലികളുമായി ലോക നേതാക്കൾ

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് യാഥാസ്ഥിതികതക്കെതിരെ പോരാടുകയും ജനാധിപത്യത്തിനും പുരോഗമനത്തിനും വേണ്ടി വാദിക്കുകയും പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്നു ഗോർബച്ചേവ്. ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി വാദിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് റഷ്യയുടെ തകർച്ചക്ക് കാരണക്കാരൻ എന്ന പേരുകേട്ട ഭരണാധികാരിയാണദ്ദേഹം. നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931-ല്‍ കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബച്ചേവിന്റെ ജനനം. മോസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പഠനത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. 1971-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി. 1985 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റുമായി. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നു.

1990-ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ശീതയുദ്ധം സമാധാനപരമായി അവസാനിപ്പിച്ച ഗാര്‍ബച്ചേവ് 1985-ല്‍ അധികാരമേറ്റ ശേഷം സോവിയറ്റ് യൂണിയനെ ലോകത്തിന് മുന്നില്‍ തുറന്നിട്ട് നല്‍കുകയും വലിയ പരിഷ്‌കാരങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍, സാവധാനത്തിലുള്ള സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തടയിടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഗോര്‍ബച്ചേവിന്റെ മരണത്തിൽ ലോക നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

Related Articles

Latest Articles