സന്ദേശം സിനിമയിലെ പ്രഭാകരന് കോട്ടപ്പള്ളിയെന്ന ആര്‍ഡിപിക്കാരന്റെ പ്രശസ്തമായ ‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’ എന്ന ഡയലോഗ് മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശത്തിന്റെ തിരക്കഥ എഴുതിയത് ശ്രീനിവാസനായിരുന്നു. ട്രോളുകളിലും മീമുകളിലും ഇപ്പോഴും നിറഞ്ഞോടുള്ള ശ്രീനിവാസന്റെ പ്രശസ്തമായ ഡയലോഗ് പോളണ്ടിലെത്തി പറഞ്ഞിരിക്കുകയാണ് മകനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ.
സന്ദേശം സിനിമ മലയാളികളുടെ ജീവിതത്തോടെ ചേർന്ന് നിൽക്കുന്ന ഒന്നായത് കൊണ്ട് തന്നെ അതിലെ ഹിറ്റ് ഡയലോഗുകൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവരും ഏറെയാണ്. ഇന്നലെ വിനീത് പങ്കിട്ട ചിത്രം ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. പോളണ്ടിൽ പോയപ്പോൾ അച്ഛന്റെ ഡയലോഗുള്ള ടീഷർട്ട് ധരിച്ച് ‘മിണ്ടരുത്’ എന്ന് വ്യക്തമാക്കിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. വിനീത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ടീ ഷര്‍ട്ട് സമ്മാനിച്ച സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുക്കുട്ടിയ്ക്ക് നന്ദി പറയാനും വിനീത് മറന്നില്ല. പ്രണവ് മോഹൻലാലിനെ നായകനായ ‘ഹൃദയം’മാണ് വിനീത് അവസാനമായി സംവിധാനം ചെയ്ത സിനിമ. കഴിഞ്ഞ വർഷത്തെ മികച്ച ഹിറ്റുകളിലൊന്ന് കൂടിയാണ് ഹൃദയം.

