കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അക്രമം അഴിച്ച് വിട്ട നാല് പിഎഫ്ഐ പ്രവർത്തകർ പിടിയിൽ. കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം, പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്.
തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത കേസിലാണ് ഷാനുൽ ഹമീദും മുഹമ്മദ് റാഫിയും അറസ്റ്റിലായത്. ഏറ്റുമാനൂർ പോലിസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ പിഎഫ്ഐ – എസ്‍ഡിപിഐ പ്രവർത്തകരാണ്.
പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി ശക്തം. 8 സംസ്ഥാനങ്ങളിൽ വീണ്ടും റെയ്ഡുകൾ പുരോഗമിക്കുകയാണ്. കർണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ ഉദ്യോഗസ്ഥർ റെയ‍്‍ഡുകൾ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
റെയ്ഡിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകത്തിൽ ചാമരാജ്‍നഗർ, കൽബുർഗി എന്നിവിടങ്ങളിലും റെയ്ഡുകൾ പുരോഗമിക്കുകയാണ്.

