Thursday, May 9, 2024
spot_img

വിസ തട്ടിപ്പ്: മലയാളികളെ കബളിപ്പിച്ച് കൈക്കലാക്കിയത് ലക്ഷങ്ങൾ, സംഘത്തെ പിടികൂടി പോലീസ്‌

വയനാട്: മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ചെടുത്ത സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘത്തെ പിടികൂടി വയനാട് സൈബര്‍ പൊലീസ്. പഞ്ചാബ് ബട്ടിന്‍ഡ സ്വദേശികളായ ചരണ്‍ജീത് കുമാര്‍, രാജ്നീഷ് കുമാര്‍, ഇന്ദര്‍പ്രീത് സിങ്ങ്, കപില്‍ ഗര്‍ഗ്‌ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മീനങ്ങാടി സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, അന്വേഷണത്തില്‍ കോട്ടയം, പത്തനംതിട്ട ഉള്‍പ്പടെ സംസ്ഥാനത്തിന് വിവിധഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കാനഡയിലേക്കുള്ള വിസയായിരുന്നു പ്രധാന വാഗ്ദാനം. കല്‍പറ്റ സൈബര്‍ പൊലീസ്, പഞ്ചാബിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.

പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ പരിശോധിച്ചതിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കോടികള്‍ തട്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു പ്രതികളുടെ തട്ടിപ്പെന്നും പൊലീസ് പറഞ്ഞു. ഈ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles