Sunday, May 26, 2024
spot_img

മുൻമന്ത്രിയും, യുഡിഎഫ് നേതാവുമായ വികെ ഇബ്രാഹീംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് അഴിമതി നിരോധന നിയമ പ്രകാരം; കുരുക്കായത് ടിഒ സൂരജിന്റെ മൊഴി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ടിഒ സൂരജ്, ആർഡിഎക്സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്.

വിജിലൻസ് നീക്കം ചോർന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം.
രണ്ട് സംഘമായി തിരിഞ്ഞാണ് വിജിലൻസ് നീങ്ങിയത്. ഒരു സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ തന്നെ തുടർന്നപ്പോൾ മറ്റൊരു സംഘം ആശുപത്രിയിലെത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചു. ആരോഗ്യ സ്ഥിതി തൃപ്തികരമായതുകൊണ്ട് നിയമനടപടികളിലേക്ക് കടക്കാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

ഇബ്രാഹിംകുഞ്ഞിന് അഴിമതിയിൽ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹർജിയിൽ ടിഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് കൂട്ടിച്ചേർത്തിരുന്നു.

Related Articles

Latest Articles