Sunday, May 26, 2024
spot_img

എക്സിൽ പരസ്യം നൽകുന്നത് അവസാനിപ്പിച്ച് വാള്‍ട്ട് ഡിസ്‌നി; ഡിസ്‌നിക്കെതിരാളിയെന്നോണം സിനിമാ നിര്‍മാണ കമ്പനി തുടങ്ങുമെന്ന് ഇലോൺ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങൾക്ക് പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച ഹോളിവുഡ് ചലച്ചിത്ര നിർമ്മാണ കമ്പനിയായ വാള്‍ട്ട് ഡിസ്‌നിക്ക് എതിരാളി എന്ന തരത്തിൽ ചിലപ്പോൾ താന്‍ സിനിമാ നിര്‍മാണ കമ്പനി തുടങ്ങിയേക്കുമെന്ന് സമൂഹ മാദ്ധ്യമമായ എക്സ് ഉടമ ഇലോൺ മസ്‌ക്. ഒരു എക്സ് ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. നേരത്തെ എക്‌സില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച പരസ്യദാതാക്കളെയെല്ലാം മസ്‌ക് അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. അതേസമയം മസ്‌കിന്റെ വാക്കുകളോട് വാള്‍ട്ട് ഡിസ്‌നി ഇതുവരെ പ്രതികരിച്ചിട്ടില്ല.

എക്‌സില്‍ വന്ന ജൂതവിരുദ്ധ പോസ്റ്റിന് പിന്തുണ നല്‍കിക്കൊണ്ട് മസ്‌ക് രേഖപ്പെടുത്തിയ കമന്റാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. കമന്റ് വിവാദമായതോടെ ഡിസ്‌നി ഉള്‍പ്പടെ എക്‌സിലെ നിരവധി പരസ്യദാതാക്കള്‍ എക്‌സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. ആപ്പിള്‍, കോംകാസ്റ്റ്/എന്‍ബിസി യൂണിവേഴ്‌സല്‍, വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി, ഐബിഎം, പാരാമൗണ്ട് ഗ്ലോബല്‍, ലയണ്‍സ്‌ഗേറ്റ്, യൂറോപ്യന്‍ കമ്മീഷന്‍ ഉള്‍പ്പടെ 100 ഓളം ബ്രാന്‍ഡുകള്‍ അക്കൂട്ടത്തിലുണ്ട്. ബ്രാന്‍ഡുകളുടെ പിന്മാറ്റം ഈ വര്‍ഷം അവസാനത്തോടെ 7.5 കോടി ഡോളറിന്റെ നഷ്ടം എക്‌സിനുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ വിതരണം ചെയ്യുന്നതിന് സഹായിച്ചുവെന്നാരോപിച്ച് മെറ്റയ്ക്കും മാര്‍ക്ക് സക്കര്‍ബര്‍ഗിനും എതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടിയും വാള്‍ട്ട് ഡിസ്‌നി കമ്പനി സിഇഒ മസ്‌ക് ഐഗറിനെ കടന്നാക്രമിച്ചു. എക്‌സില്‍ ചെയ്തത് പോലെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കുമോ എന്ന് ചോദിച്ചുകൊണ്ട് കൊളിന്‍ റഗ്ഗ് എന്നയാള്‍ പങ്കുവെച്ച പോസ്റ്റ് മസ്‌ക് റീപോസ്റ്റ് ചെയ്തു.

Related Articles

Latest Articles