Tuesday, April 23, 2024
spot_img

അമൃത്‌പാൽ സിങ് പിടിയിലായില്ല!
80,000 പൊലീസുകാർ എന്താണ് ചെയ്യുന്നത്? പഞ്ചാബ് പൊലീസിനെ നിർത്തി പൊരിച്ച് ഹൈക്കോടതി

ചണ്ഡിഗഡ് : ഖലിസ്ഥാൻ വിഘടന വാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ സാധിക്കാത്തതിൽ പഞ്ചാബ് പൊലീസിനെ നിർത്തി പൊരിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. ‘‘നിങ്ങൾക്ക് 80,000 പൊലീസുകാരുണ്ട്. അവർ എന്താണ് ചെയ്യുന്നത്. അമൃതപാൽ സിങ് എങ്ങനെ രക്ഷപ്പെട്ടു?’’– ഹൈക്കോടതി രൂക്ഷമായി ചോദിച്ചു.

ഇത് ഇന്റലിജൻസ് വീഴ്ചയാണെന്നും കോടതി അഭിപ്രായപ്പെട്ടു. അമൃത്പാലിനെ പിടികൂടാനുള്ള പൊലീസ് നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കണമെന്നു നിർദേശിച്ച കോടതി അമൃത്പാൽ രക്ഷപ്പെട്ടത് ഇന്റലിജൻസ് ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും നിരീക്ഷിച്ചു. അമൃത്പാൽ സിങ്ങിനെതിരെ ശക്തമായ നടപടി തുടങ്ങിയതായും അയാളുടെ 120 അനുയായികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും പഞ്ചാബ് പൊലീസ് കോടതിയെ അറിയിച്ചു.

അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തിയതായി പഞ്ചാബ് അഡ്വക്കറ്റ് ജനറൽ വിനോദ് ഘായി ഹൈക്കോടതിയിൽ അറിയിച്ചു. അസമിലെ ദിബ്രുഗഡിലെ ജയിലിൽ എത്തിച്ച അമൃത്പാലിന്റെ നാല് അനുയായികളായ ഗുർമീത് സിങ് ബുക്കൻവാല, ബസന്ത് സിങ്, ഭഗവന്ത് സിങ്, ദൽജിത് സിങ് എന്നിവർക്കെതിരെയും എൻഎഎ പ്രകാരം കേസെടുത്തിട്ടുണ്ട്.

പഞ്ചാബിൽ മൂവായിരത്തോളം അർധസേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ ഇന്റർനെറ്റ്, എസ്എംഎസ് വിലക്ക് നാളെ ഉച്ചവരെ നീട്ടി. അമൃത്പാലിനെ പാക്ക് ചാരസംഘടന സഹായിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു പഞ്ചാബ് പൊലീസ് ഐജി അറിയിച്ചു.അതെ സമയം ജലന്തറിൽ പൊലീസിനെ കബളിപ്പിച്ച് കടന്നുകളയാൻ ഉപയോഗിച്ച വാഹനം അമൃത്പാലിനു പഞ്ചാബിലെ ലഹരിമരുന്നു മാഫിയ തലവൻ സമ്മാനിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.

Related Articles

Latest Articles