Sunday, May 5, 2024
spot_img

‘എന്ത് കോടതി?’ പ്രകോപനപരമായ സംസാരവുമായി മാദ്ധ്യമപ്രവർത്തക; ചുട്ടമറുപടിയുമായി സുരേഷ് ഗോപി

തൃശ്ശൂർ: പ്രകോപനപരമായ രീതിയിൽ സംസാരിച്ച റിപ്പോർട്ടർ ടിവിയുടെ മാദ്ധ്യമപ്രവർത്തകയ്‌ക്ക് ചുട്ടമറുപടി നൽകി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ഗിരിജാ തിയേറ്ററിൽ എത്തിയതായിരുന്നു നടൻ. ഇതിനിടെ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം സുരേഷ് ഗോപിക്കെതിരെ പ്രകോപനപരമായി സംസാരിച്ചും കോടതിയെ പുച്ഛിച്ചുമായിരുന്നു മാദ്ധ്യമപ്രവർത്തക സംസാരിച്ചത്. കോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാദ്ധ്യമപ്രവർത്തക വാദം ഉന്നയിച്ചതോടെ സുരേഷ് ഗോപി മറുപടി നൽകുകയും ചെയ്തു.

കേസിന്റെ കാര്യങ്ങൾ കോടതിയിലാണെന്നും ഇനി കോടതി നോക്കിക്കോളും എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ‘എന്ത് കോടതി’ എന്നായിരുന്നു റിപ്പോർട്ടർ ടിവി മാദ്ധ്യമപ്രവർത്തകയുടെ മറുചോദ്യം. കേസ് സംബന്ധിച്ച കാര്യങ്ങൾ നോക്കുന്നത് കോടതിയാണെന്ന് പറഞ്ഞിട്ടും പിന്മാറാതിരുന്ന മാദ്ധ്യമപ്രവർത്തക ബഹളം വച്ചായിരുന്നു സുരേഷ് ഗോപിയോട് കയർത്തത്. മാദ്ധ്യമപ്രവർത്തകയുടെ കടന്നുകയറ്റം അതിരുകടന്നതോടെ സുരേഷ് ഗോപിയും ശക്തമായി പ്രതികരിച്ചു. ഗരുഡൻ സിനിമയെ കുറിച്ച് സംസാരിക്കണമെങ്കിൽ റിപ്പോർട്ടർ ടിവിയുടെ മാദ്ധ്യമപ്രവർത്തക പിന്മാറാണമെന്നായിരുന്നു അദ്ദേഹം മറ്റ് മാദ്ധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടത്.

താൻ കോടതിയെ ബഹുമാനിച്ച് മുന്നോട്ട് പോകുന്നയാളാണ്. ആ കോടതിയെയാണ് കച്ചവടക്കാരൻ പഠിപ്പിച്ചു വിട്ടിരിക്കുന്ന വാചകങ്ങൾ ഉപയോഗിച്ച് മാദ്ധ്യമപ്രവർത്തക അപമാനിച്ചത്. എന്ത് കോടതി എന്ന് ചോദിക്കാൻ ആർക്കും ആവകാശമില്ല എന്നായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ പെരുമാറ്റത്തെക്കുറിച്ച് സുരേഷ് ഗോപിയുടെ പ്രതികരണം.

Related Articles

Latest Articles