ദില്ലി : കലാപ കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. തനിക്കെതിരായ കീഴ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ഹാര്‍ദിക് പട്ടേലിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ഹര്‍ജി പരിഗണിക്കുന്നതിന് എന്താണിത്ര ധൃതിയെന്ന് കോടതി ചോദിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ മഹാരാഷ്ട്ര, ഗുജറാത്ത് കോടതികളുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാര്‍ദിക് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. വിധി ഏപ്രില്‍ നാലിന് മുന്‍പായി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ ഹാര്‍ദികിന് തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്ന് മത്സരിക്കാനാകില്ല. വിസ്നഗറില്‍ 2015-ല്‍ സംവരണ പ്രക്ഷോഭത്തിനിടെ എം.എല്‍.എ.യുടെ ഓഫീസ് തകര്‍ത്ത കേസില്‍ കഴിഞ്ഞ ജൂലായിലാണ് ഹാര്‍ദികിന് സെഷന്‍സ് കോടതി തടവ് വിധിച്ചത്.
ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞെങ്കിലും വിധി സ്റ്റേ ചെയ്തിരുന്നില്ല. രണ്ടു വര്‍ഷവും അതില്‍ക്കൂടുതലും തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജനപ്രതിനിധിയാകാന്‍ അയോഗ്യതയുണ്ട്. ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേല്‍ വിധി സ്റ്റേ ചെയ്യണമെന്നും തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, അപൂര്‍വമായേ വിധി തടയാറുള്ളൂവെന്നും ഇവിടെ അതിനുള്ള സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

