Tuesday, April 30, 2024
spot_img

കർഷകർ വലിയ ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുന്നു ; കർഷക ആത്മഹത്യയിൽ രൂക്ഷവിമർശനവുമായി ഗവർണർ

ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. കർഷകർ വലിയ ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവർണർ എത്തും. തുടർന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദർശിക്കും.

പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. എന്നാൽ, മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിന് വേണ്ടി വൻതുകയാണ് ചെലവഴിക്കുന്നത്. പാവപ്പെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഗവർണർ വിമർശിച്ചു.

തകഴി കുന്നുമ്മ അംബേദ്‌കർ കോളനി സ്വദേശി കെ ജി പ്രസാദാണ് കൃഷി പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. സർക്കാർ പി ആർ എസ് വായ്പ്പ കുടിശ്ശികയാക്കിയതിനെ തുടർന്നാണ് പ്രസാദിന്റെ കൃഷി പ്രതിസന്ധിയിലായത്. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച ശേഷം സംസ്ഥാന സർക്കാർ നൽകേണ്ട തുക വൻതോതിൽ കുടിശ്ശികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഈ കുടിശിക നൽകിയത് ബാങ്ക് വായ്പ്പയായിട്ടായിരുന്നു. ഈ വായ്‌പ്പ തിരിച്ചടക്കേണ്ടത് സർക്കാരായിരുന്നു. എന്നാൽ, സർക്കാർ ഈ വായ്‌പ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പ്രസാദിന് കൃഷിയിറക്കാൻ ബാങ്ക് വായ്പ്പ നിഷേധിച്ചിരുന്നു. ഇതിനെതുടർന്നുള്ള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

Related Articles

Latest Articles