Sunday, June 16, 2024
spot_img

പൂപ്പാറയില്‍ മഴയ്ക്കൊപ്പം വന്നത് വെള്ള നിറത്തിലുള്ള നീരുറവ; 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു

പൂപ്പാറ: ഇടുക്കി പൂപ്പാറ മുള്ളംതണ്ടിൽ മഴയ്ക്കൊപ്പം വെളള നിറത്തിൽ നീരുറവ ഉണ്ടായത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് ജിയോളജി വകുപ്പ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം സ്ഥലത്ത് പരിശോധന നടത്തിയ ജില്ല ജിയോളജിസ്റ്റ് വ്യക്തമാക്കി. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിരുന്നു.

വെള്ളിയാഴ്ട ഉച്ചക്കു ശേഷമാണ് പൂപ്പാറ മള്ളം തണ്ടിൽ ഉണ്ണിയുടെ കൃഷിയിടത്തിലെ നീർച്ചാലിലെ വെള്ളത്തിൻറെ നിറം മാറിയത്. ശക്തമായ നീരൊഴുക്കിനൊപ്പം വെളുത്ത നിറത്തിലുള്ള മണലും ഒഴുകിയെത്തി. ഇതോടെ ആശങ്കയിലായ സമീപ വാസികളെ ഉടുമ്പൻ ചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മാറ്റിപ്പാർപ്പിച്ചു. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമിക്കടിയിലെ പാറപ്പൊടി വെള്ളത്തിനൊപ്പം പുറത്തേക്ക് ഒഴുകിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

2019 ൽ ഇതിനു മുകൾ ഭാഗത്ത് സോയിൽ പൈപ്പിംഗിനെ തുടർന്ന് ഒരു ഗർത്തം രൂപപ്പെട്ടിരുന്നു. പുതിയ പ്രതിഭാസത്തിനു ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധന നടത്തും. പരിശോധന റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് നൽകും. ജില്ലാ കളക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ കുടുംബങ്ങൾ തിരികെ വീടുകളിലേക്ക് എത്താവു എന്നും ജിയോളജി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ 15 കുടുംബങ്ങൾ ബന്ധുവീടുകളിലാണിപ്പോൾ കഴിയുന്നത്.

Related Articles

Latest Articles