Saturday, April 27, 2024
spot_img

കാട്ടാനകളുടെ ആക്രമണം രൂക്ഷം; പലചരക്ക് കടയിലേക്ക് ഇരച്ചുകയറി; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

വയനാട്: സുൽത്താൻബത്തേരിയിൽ പല ഇടങ്ങളിലായി കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുന്നു. പുൽപ്പള്ളിക്കടുത്ത ഇരുളത്ത് ഇന്നലെ വൈകിട്ടോടെ മരിയനാട് ജനാര്‍ദനന്റെ പലചരക്ക് കടയിലേക്ക് കാട്ടാന പാഞ്ഞു കയറി. സംഭവസമയം കടയില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കടയിൽ ഉണ്ടായിരുന്നവർ ആന വരുന്നത് കണ്ട് ഓടി രക്ഷപെടുകയായിരുന്നു. കടയുടെ തൂൺ തകര്‍ത്തതിന് ശേഷമാണ് ആന പിന്തിരിഞ്ഞത്. മരിയനാട് ആദിവാസി സമരഭൂമിയിലും വൈത്തിരിയിലും കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണം ഉണ്ടായി. വൈത്തിരിയിൽ വീട് ആക്രമിച്ച ആന അവിടെ ഉണ്ടായിരുന്ന വൃദ്ധനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തെ തുടർന്ന് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വൈത്തിരിയിൽ നാട്ടുകാർ സർക്കാർ ഓഫീസ് ഉപരോധിച്ചിരുന്നു. മുത്തങ്ങക്ക് അടുത്ത് തോട്ടാമൂലയിൽ ആഴ്ചകളായി കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് ജനങ്ങൾ പറയുന്നു. കൃഷിനാശത്തിന് പുറമേ മറ്റു സ്വത്തുക്കൾക്കും നാശം വരുത്തുന്നുണ്ടെന്നാണ് ജനങ്ങളുടെ പരാതി. പ്രദേശത്തുനിന്ന് കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ ഉപയോഗിക്കുമെന്ന് ജനങ്ങൾക്ക് വനപാലകർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

Related Articles

Latest Articles