Sunday, May 19, 2024
spot_img

സത്യം തെളിയുമോ? ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച എസ്.ഐ തോക്കും തിരകളും പുറത്തേക്ക് എറിഞ്ഞെന്ന് ആരോപണം; ഉത്തരേന്ത്യയിൽ ഡ്യൂട്ടിക്ക് പോയ 10 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘത്തിൽ നിന്ന് തോക്കും തിരകളും നഷ്ടമായ കേസിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ട്രെയിൻ യാത്രയ്ക്കിടെയാണ് ഉദ്യോഗസ്ഥരിൽ നിന്നും ആയുധനങ്ങള്‍ നഷ്ടമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കേരള സായുധ പോലീസ് മൂന്നാം ബറ്റാലിയൻ കമാൻഡന്‍റ് ഉള്‍പ്പെടെ 10 പോലിസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കാൻ ഉത്തരവിട്ടത്.

മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സംസ്ഥാന പോലീസിലെ സംഘം പോയത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിനിൽ വെച്ച് തോക്കും തിരകളും നഷ്ടമായി എന്നാണ് പോലീസുകാർ അറിയിച്ചത്. എന്നാൽ ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച സംഘത്തിലെ ഒരു എസ്ഐ തോക്കും തിരകളും വണ്ടിയിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു എന്നായിരുന്നു ആരോപണം.

പിന്നീട് ജബൽപ്പൂർ പരിസരത്ത് 150 കിലോ മീറ്ററോളം റെയിൽവെ ട്രാക്കിൽ പോലീസുകാര്‍ പരിശോധന നടത്തിയിട്ടും തോക്കും തിരയും കണ്ടെത്താനായിരുന്നില്ല. നിരവധി ദുരൂഹതകള്‍ അവശേഷിപ്പിച്ച് ഒടുവിൽ ആയുധങ്ങളില്ലാതെ തന്നെ പോലീസ് സംഘം കേരളത്തിലേക്ക് മടങ്ങി. മദ്ധ്യപ്രദേശ് പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

ആയുധങ്ങള്‍ നഷ്ടമായ സംഭവത്തിൽ പോലീസുകാർക്ക് ഉണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിൽ മേൽനോട്ടക്കുറവ് ഉണ്ടായെന്നും സംസ്ഥാന പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്.

Related Articles

Latest Articles