വെല്ലിംഗ്ടണ്‍: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ച‍ർച്ചിലെ പള്ളികളിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അമ്പതായി. ഒരു മലയാളി ഉൾപ്പെടെ മരിച്ചവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്. കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയാണ് മരിച്ചത്. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന ആൻസിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനിടെ ആക്രമണം നടത്തിയത് പിടിയിലായ ബ്രെന്‍റണ്‍ ടാരന്‍റൻ എന്ന 28കാരൻ മാത്രമാണെന്ന് ന്യൂസീലൻഡ് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേർക്ക് ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.