Thursday, May 9, 2024
spot_img

സൗദി അറേബ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി പ്രസവിച്ചു; പ്രാഥമിക ശുശ്രൂഷ നല്‍കി വിമാനജീവനക്കാര്‍

ജിദ്ദ: സൗദി അറേബ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി പ്രസവിച്ചു. ഞായറാഴ്ച ജിദ്ദയില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ത് സ്വദേശിനി കുഞ്ഞിന് ജന്മം നൽകിയത്. വിമാനത്തിനുള്ളില്‍ വെച്ച് 26കാരിയായ ഈജിപ്ഷ്യന്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുള്ള ഡോക്ടറോട് സഹായം തേടുകയും ചെയ്തു.

ശേഷം ഡോക്ടറുടെ പരിചരണത്തില്‍ വിമാനം കെയ്‌റോയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കെയ്‌റോ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ആംബുലന്‍സ് സംഘം ഇരുവരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
കുവൈറ്റ് എയര്‍വേയ്സിന്‍റെ കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ വിമാന ജീവനക്കാര്‍ സഹായത്തിനെത്തുകയായിരുന്നു. മറ്റ് സങ്കീര്‍ണതകളില്ലാതെ വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ യുവതി കുഞ്ഞിന് ജന്മം നല്‍കി.

Related Articles

Latest Articles