ലഖ്നൗ: വിവാഹ ആഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ നെബുവ നൗറംഗിയയിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹൽദി ചടങ്ങിനിടെ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു.
നിരവധി ആളുകള്‍ മുകളിലേക്ക് കയറിയതോടെ കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് പൊട്ടുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് കിണറിനുള്ളിലേക്ക് വീണത്. ഗ്രാമവാസികളും പൊലീസും ചേർന്ന് 9പേരെ രക്ഷപ്പെടുത്തുകയായിരുന്നു. 13 പേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായമായി നല്‍കും.

