Friday, May 24, 2024
spot_img

ചാവേറാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; താലിബാൻ വിലക്കിയതായി റിപ്പോർട്ട്

കാബൂൾ: കാബൂളിൽ ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി എത്തിയ സ്ത്രീകളെ താലിബാൻ വിലക്കിയതായി റിപ്പോർട്ടുകൾ.

ആശുപത്രികളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് രക്തബാങ്കുകളിൽ നേരിട്ടെത്തിയ സ്ത്രീകളെയാണ് താലിബാൻ വിലക്കിയത്.രക്തം ദാനം ചെയ്യാനെത്തിയ സ്ത്രീകളെ ഓരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സ്ത്രീകളെ രക്തം ദാനം ചെയ്യുന്നതിൽ നിന്നും എന്ത്‌കൊണ്ടാണ് വിലക്കിയത് എന്നതിന് ഭരണകൂടം വ്യക്തമായ ഒരു മറുപടി ഇതുവരെ നൽകിയിട്ടില്ല.

ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ യഥാർത്ഥ കണക്കും ഭരണകൂടം മറച്ചുവെക്കുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന കാബൂളിലെ ചാവേറാക്രമണത്തിൽ 19 പേരല്ല കൊല്ലപ്പെട്ടതെന്നും വാർത്തകളിൽ വന്നതിനേക്കാൾ ഇരട്ടിയാണ് മരണസംഖ്യ എന്നും സാമൂഹ്യപ്രവർത്തകരടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണക്കാരെ രക്ഷിക്കുന്നതിൽ, ഭരണകൂടത്തിനുണ്ടായ പരാജയം മറച്ചുവെക്കാനായി ഓരോ ആക്രമണത്തിന് ശേഷവും താലിബാൻ മരണസംഖ്യ കുറച്ചുകാണിക്കുന്നതായി സാമൂഹ്യപ്രവർത്തകർ പറയുന്നു.

ഇന്നലെ കാബൂളിലെ ദസ്‌തെ എ ബർബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ചാവേറാക്രമണമുണ്ടായത്. 19 പേർ മരണപ്പെടുകയും 30 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തുവെന്നാണ് താലിബാൻ പുറത്തുവിട്ടത് . ആക്രമണം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും ആരും ഇതുവരേയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Related Articles

Latest Articles