Friday, May 10, 2024
spot_img

‘നബിവിരുദ്ധ പരാമർശം ചര്‍ച്ചയായില്ല’ ഇറാനെ തള്ളി ഇന്ത്യ; പ്രസ്താവന പിൻവലിച്ച് ഇറാൻ

ദില്ലി: നബിവിരുദ്ധ പരാമർശം ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാൻറെ പ്രസ്താവന ഇന്ത്യ തള്ളി. അതിന് പിന്നാലെ മതനിന്ദയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചതായുള്ള വാർത്താക്കുറിപ്പ് ഇറാനും പിൻവലിച്ചു.

നുപൂർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ നബി വിരുദ്ധ പ്രസ്താവന ഇറാനുമായി ചർച്ച ചെയ്തില്ലെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി. ഇന്നലെ ഇന്ത്യയുമായി നടത്തിയ ചർച്ചകളിൽ വിദേശകാര്യമന്ത്രി ഇക്കാര്യം ഉന്നയിച്ചതായി ഇറാൻ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഈ വാർത്താക്കുറിപ്പ് ഇറാൻ പിന്നീട് പിൻവലിക്കുകയായിരുന്നു. അനൗപചാരികമായി സംസാരിച്ച കാര്യം ഉൾപ്പെടുത്തിയതിൽ ഇന്ത്യ അതൃപ്തി അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.

അതേസമയം, നുപുർ ശർമ്മയ്ക്കും നവീൻകുമാർ ജിൻഡാലിനുമെതിരെ ദില്ലി പോലീസ് ഇന്നലെ കേസ് എടുത്തിരുന്നു. ശിവലിംഗത്തെക്കുറിച്ചുള്ള പരാമർശത്തിൽ മാധ്യമപ്രവർത്തക സബാ നഖ്വിയ്ക്കെതിരെയും വിദ്വേഷം പ്രചരിപ്പിച്ചു എന്നാരോപിച്ച് അസദുദ്ദീൻ ഒവൈസിക്കെതിരെയും ദില്ലി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

അതിർത്തികളിലെ ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ജനറലിന്റെ പരാമർശം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ആയതിനാൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

Related Articles

Latest Articles