Monday, May 6, 2024
spot_img

വ്യാജ രേഖ ചമച്ച് രണ്ടരവർഷത്തോളം അഭിഭാഷകയായി ജോലിയിൽ; ഒളിവിലായിരുന്ന വ്യാജ അഭിഭാഷക കോടതിയിൽ കീഴടങ്ങി

ആലപ്പുഴ : വ്യാജ രേഖ ചമച്ച് അഭിഭാഷകയായി പ്രവർത്തിച്ചത് കണ്ടെത്തിയതിയതിനെത്തുടർന്ന് ഒളിവിലായിരുന്ന സെസി സേവ്യർ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ കീഴടങ്ങി. സംഭവത്തിൽ ഏതാനും മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല . ഇതിന് മുൻപ് ഒരു തവണ ഇവർ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി വ്യാജ രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനെത്തുടർന്ന് ഇവര്‍ക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു. ഇവർക്കെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായും പരാതിയിൽ പരാമർശമുണ്ട്.

2018 ൽ അംഗത്വം നേടി ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടര വർഷക്കാലം ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നെന്നും പരാതിയിൽ വ്യകതമാക്കുന്നു.

ആരോപണം ഉയർന്നതിനെത്തുടർന്ന് 2021ൽ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ഇവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ഇവര്‍ നല്‍കിയ എൻറോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗൺസിലിന്‍റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പർ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം അവകാശപ്പെട്ടിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കിയിരുന്നു.

Related Articles

Latest Articles