Friday, May 17, 2024
spot_img

മുഖ്യമന്ത്രിക്കെതിരെ മലപ്പുറത്ത് വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രയോഗം, വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഹാരിസ് മുദൂറിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്.

മുഖ്യമന്ത്രിയുടെ വാഹനത്തിന് സമീപം എത്തി കരിങ്കൊടി കാണിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്ന സൂചനയുണ്ടായിരുന്നതിനാൽ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരുന്നു. പ്രതിഷേധമുണ്ടായതോടെ പ്രവർത്തകരെ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.

സെക്രട്ടേറിയേറ്റ് മാർച്ചിലെ അക്രമങ്ങളുടെ പേരിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മജിസ്‌ട്രേട്ടിൻ്റെ നിർദ്ദേശപ്രകാരം പൊലീസ് ഹാജരാക്കിയ വിദഗ്ദ്ധ വൈദ്യപരിശോധനാ റിപ്പോർട്ടിൽ സംശയമുണ്ടെന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്ക് നൽകിയ ജാമ്യാപേക്ഷയിൽ രാഹുൽ ആരോപിക്കുന്നത്.

Related Articles

Latest Articles