Tuesday, May 7, 2024
spot_img

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അറസ്റ്റിൽ; മൂന്ന് മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചതായി പോലീസ്

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് (Yuvraj Singh) അറസ്റ്റിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരെ ജാതീയാധിക്ഷേപം നടത്തി എന്ന സംഭവത്തിലാണ് യുവരാജ് അറസ്റ്റിലായത്. അതേസമയം മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്ത ശേഷം ഇടക്കാല ജാമ്യത്തിൽ താരത്തെ വിട്ടച്ചതായി ഹാൻസി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് ഹാൻസി എസ്പി നിതിക ഗലോട്ട് അറിയിച്ചു. ഔദ്യോഗികമായ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. തുടർന്ന് പഞ്ചാബ് ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ച് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.

ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവരാജിനെതിരെ കേസെടുത്തത്. 2020 ഏപ്രിലിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. പരിഹസിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്.

സംസാരത്തിനിടെ തമാശയായി പറഞ്ഞതാണെങ്കിലും ഇത് നിരവധി ആരാധകരെ പ്രകോപിപ്പിച്ചു. തുടർന്ന് യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ ആരംഭിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ യുവരാജ് ഖേദപ്രകടനം നടത്തി. ജാതീയമായ വ്യത്യാസങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ഹരിയാന പോലീസിന് പരാതി ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ യുവരാജിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ നടപാടികൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles