ദില്ലി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നതിനിടെ, രോഗ മുക്തി നേടുന്നവരുടെ എണ്ണം ആനുപാതികമായി ഉയരുന്നത് രാജ്യത്തിന് ആശ്വാസം നൽകുന്നു.രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 64 ശതമാനത്തിലേക്ക് അടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 63.91 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്.
24 മണിക്കൂറിനിടെ 36,145 ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗം മുക്തിനേടിയവരെ ആകെ എണ്ണം 8,85,576 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് ചികിത്സയിലുളളവരും രോഗമുക്തി നേടിയവരും തമ്മിലുളള അന്തരം 4,17,694 ആയി വര്‍ധിച്ചു. നിലവില്‍ 4,67,882 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 48,661 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നു. അതേസമയം 705 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതുവരെ 32063 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്നും സർക്കാർ കണക്കുകൾ പറയുന്നു

