Friday, October 16, 2026

കാസർഗോഡും പത്തനംതിട്ടയും, കോവിഡ് ‘ഹോട്ട് സ്പോട്ട് ‘ പട്ടികയിൽ

ദില്ലി: രാജ്യത്തെ 10 കൊവിഡ്19 ഹോട്ട്സ്പോട്ടുകള്‍ ആരോഗ്യവിഭാഗം കണ്ടെത്തി. കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ നിസാമുദിന്‍, ദില്‍ഷാദ് ഗാര്‍ഡന്‍, ഉത്തര്‍ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭില്‍വാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, കേരളത്തിലെ കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ പ്രദേശങ്ങളാണ് രാജ്യത്തെ പത്ത് കൊവിഡ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നിരിക്കുകയാണ്. 1,117 പേര്‍ ചികിത്സയില്‍ ഉള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കുറിനിടെ രാജ്യത്ത് 227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് രോഗബാധിതരുടെ ഉയര്‍ന്ന നിരക്കാണ് ഇന്നലെ ഉണ്ടായത്. 102 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

മഹാരാഷ്ട്രയും ഗുജറാത്തുമാണ് കൂടുതല്‍ കൊവിഡ് മരണങ്ങള്‍ ഉണ്ടായ സംസ്ഥാനം. സമൂഹ വ്യാപനത്തിന്റെ ആശങ്ക തള്ളിയ ആരോഗ്യവകുപ്പ് പ്രാദേശിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് വ്യക്തമാക്കി. എന്നാല്‍ സമൂഹ വ്യാപനത്തിന് സമാനമായി നിസാമുദ്ദീനില്‍ നിരവധി ആളുകള്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു.

മാര്‍ച്ച് 13 മുതല്‍ 15 വരെ മര്‍ക്സിലെ പ്രാര്‍ത്ഥനചടങ്ങില്‍ പങ്കെടുത്ത 200 ഓളം ആളുകള്‍ ഡല്‍ഹിയില്‍ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇതേ ചടങ്ങില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഉളളവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles