Wednesday, October 14, 2026

ചവിട്ടി പുറത്താക്കും മുമ്പ് പടിയിറങ്ങാനൊരുങ്ങി ജി സുധാകരൻ

സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. കൊവിഡ് മാർഗരേഖ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി ഇത്തവണ സിപിഎമ്മിന് നേരെയുണ്ടാകും. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ ഇക്കുറി അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രായപരിധി കർശനമാക്കുന്നതോടെ മിക്ക നേതാക്കൾക്കും പുറത്തേക്കുള്ള വഴി തെളിയും. അതിനിടെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആലപ്പുഴയിലെ മുതിർന്ന നേതാവ് ജി സുധാകരൻ രംഗത്തുവന്നു. ഈ ആവശ്യം ഉന്നയിച്ച് ജി സുധാകരൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി.

രണ്ടു ദിവസം മുമ്പാണ് തിരുവനന്തപുരത്ത് എത്തി കത്ത് നൽകിയത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണപ്പെടുമെന്നും രൂക്ഷമായി വിമർശനം നേരിടേണ്ടി വരും എന്ന് മുൻകൂട്ടി കണ്ടാണ് കത്ത് നൽകിയത് എന്നാണ് സൂചന. അതേസമയം സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്നു വ്യക്തമാക്കി പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആണ് ജി സുധാകരൻ കത്ത് നൽകിയത്. സംസ്ഥാന സമിതിയിൽ 75വയസെന്ന പ്രായ പരിധി കർശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി സുധാകരൻ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നൽകിയത്. എന്നാൽ ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ല എന്ന നിലപാടിൽ ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച്ച പറ്റിയെന്ന് സിപിഐഎം നേരത്തെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിലായിരുന്നു കണ്ടെത്തൽ. ജി സുധാകരന്റെ പേര് പരാമർശിക്കാതെയായിരുന്നു റിപ്പോർട്ട്. നേരത്തെ സുധാകരനെതിരെ ജില്ലാ കമ്മറ്റിയിലും അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഐഎം ശരിവച്ച സാഹചര്യത്തിലാണ് സുധാകരനെതിരെ അന്വേഷണം നടന്നത്. മണ്ഡലത്തിൽ നിന്നും വിജയിച്ച എച്ച് സലാമും സുധാകരനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും സുധാകരൻ വിട്ടു നിന്നുവെന്നായിരുന്നു വിമർശനം. ആലപ്പുഴയിൽ തോമസ് ഐസക് മുഴുവൻ സമയവും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രവർത്തനത്തിലും ഒപ്പം നിന്നപ്പോഴാണ് ജി സുധാകരൻ വിട്ട് നിന്നതെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിലും ആരോപണം ഉയർന്നിരുന്നത്.

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരന് എതിരെ പുതിയ ചേരി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ എച്ച്.സലാമിനെ തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമർശനം. അധികാര മോഹിയാണ് സുധാകരൻ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം. അന്ന് ജി സുധാകരനെതിരെയുള്ള ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ട് ഇടപെടേണ്ടി വന്നു. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു പിണറായിയുടെ ഇടപെടൽ. ‘ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക’ – പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി വിജയൻ അന്ന് പറഞ്ഞു.

Related Articles

Latest Articles