Friday, May 24, 2024
spot_img

ജയലളിതയുടെ സ്വത്തുക്കൾ മരുമക്കൾക്ക്; അനന്തരാവകാശികളെ പ്രഖ്യാപിച്ചത് മദ്രാസ് ഹൈക്കോടതി…

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശി സഹോദരന്റെ മക്കളായ ദീപക്കും ദീപയും. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്.

ജയ താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്‌നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി.

സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്.

ആയിരക്കണക്കിനു കോടികളുടെ ആസ്തിയാണ് ജയലളിതയ്ക്കുണ്ടായിരുന്നത്. അന്തരവകാശികള്‍ ആരെന്നു വില്‍പത്രമെഴുതാതെയായിരുന്നു.ജയലളിതയുടെ മരണം.ഇതോടെയാണ് സ്വത്തു തര്ക്കം തുടങ്ങിയത്. ചെന്നൈ പോയസ് ഗാര്‍ഡനിലെ 24,000 ചതുരശ്ര അടിയുള്ള വേദനിലയമെന്ന വീട് ഏറ്റെടുത്ത് സ്മാരകമാക്കാനായിരുന്നു എഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം.

തുടര്‍ന്ന് സഹോദരമക്കളായ തങ്ങളാണ് ജയലളിതയുടെ നിയമപരാമായ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപെട്ട് ദീപയും ദീപക്കും കോടതിയിലെത്തിയത്.

വേദനിലയത്തിന്റെ പത്തില്‍ ഒരു ഭാഗം സ്മാരകമാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കിയ കോടതി ജയലളിതയുടെ പേരില്‍ സാമൂഹിക സേവനത്തിനായി ട്രെസ്റ്റ് രൂപീകരിക്കാന്‍ സര്‍ക്കാരിനോടും പിന്തുടര്‍ച്ചാ അവകാശികളോടും നിര്‍ദേശിച്ചു.

ട്രസ്റ്റിനുള്ള സ്വത്തുക്കള്‍ തീരുമാനിക്കാനുള്ള അവകാശം ദീപയ്ക്കും ദീപക്കിനുമാണെന്നും വിധിയിലുണ്ട്. ട്രസ്റ്റ് രൂപീകരണ നടപടികള്‍ എട്ടാഴ്ചയ്ക്കം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇതോടെ ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ് അടക്കമുള്ള ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനും അറുതിയായി.

Related Articles

Latest Articles