Saturday, May 25, 2024
spot_img

നിസാമുദ്ദീന്‍ തബ്‌ലീഗിൽ പങ്കെടുത്ത 541 വിദേശികള്‍ക്ക് എതിരെകൂടി കുറ്റപത്രം; കേസില്‍ ഉള്‍പ്പെട്ട വിദേശികളുടെ എണ്ണം 900 കടന്നു

ദില്ലി: നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 541 വിദേശികള്‍ക്കെതിരെക്കൂടി ദില്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 12 കുറ്റപത്രങ്ങളാണ് പോലീസ് മെട്രോപോളിറ്റണ്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട വിദേശികളുടെ എണ്ണം 900 കടന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ എപ്പിഡമിക് ആക്ടും ദുരന്ത നിവാരണ നിയമവും അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. നിരോധനാജ്ഞ ലംഘിച്ചതിന് ക്രിമിനല്‍ നടപടി ചട്ടവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

വിസ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവും ഇവര്‍ക്കെതിരെയുണ്ട്. സര്‍ക്കാര്‍ ഇവരുടെയെല്ലാം വിസ റദ്ദാക്കുകയും ഇവരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 13 ന് ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണ് കേസ്. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തിയാണ് ഇവരെല്ലാം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിസ നിയമം ലംഘിച്ചതിനു പുറമെ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഇവര്‍ സൃഷ്ടിച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. മാര്‍ച്ച് 31 നാണ് നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പോലീസ് ആദ്യ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പുതിയ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് ഇനി ജൂണ്‍ 29ന് പരിഗണിക്കും.

Related Articles

Latest Articles