Saturday, May 25, 2024
spot_img

പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് നാട്ടുകാർ: പൊലീസുമായി ഏറ്റുമുട്ടി; ആരോഗ്യ പ്രവർത്തകരെ തടഞ്ഞു

തിരുവനന്തപുരം: കോവിഡ് സൂപ്പർ സ്പ്രെഡ് മേഖലയായ പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കില്ലെന്ന് പറഞ്ഞ നാട്ടുകാർ സംഘം ചേർന്ന് റോഡിലിറങ്ങി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു.

പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആക്ഷേപമുന്നയിച്ചു. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് പരാതി. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങൾക്കും കാരണമായത്.

ആളുകൾ അടുത്തടുത്ത് തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയാണ് പൂന്തുറ. അതുകൊണ്ട് രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്. അതുകൊണ്ട് മേഖലയിൽ സർക്കാർ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. ഡോർ റ്റു ഡോർ രീതിയിൽ മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചു.

Related Articles

Latest Articles