Wednesday, May 8, 2024
spot_img

മത്തായിയുടെ റീപോസ്റ്റ്മോർട്ടം തുടരുന്നു. ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റ്മോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ ഇന്ന് സിബിഐ കണ്ടെത്തി

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങിയത്. അതിനു മുൻപായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റ്മോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കൂടി ഇന്ന് നടത്തിയ ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സബ് കളക്ടർ, സിബിഐ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്. ഒന്നരയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്.

നെടുങ്കണ്ടത്തെ രാജ്കുമാറിൻ്റെ മൃതദേഹം സിബിഐ ആവശ്യപ്രകാരം റീ പോസ്റ്റ്മോർട്ടം ചെയ്ത മൂന്ന് ഡോക്ടർമാരാണ് മത്തായിയുടെ മൃതദേഹവും സിബിഐയുടെ ആവശ്യപ്രകാരം റീപോസ്റ്റ്മോർട്ടം ചെയ്യുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്മോർട്ടം ടേബിളിലാണ് മത്തായിയുടെ പോസ്റ്റ്മോർട്ടം നടക്കുന്നത്.

മൂന്ന് മണിക്കൂറോളം നീളുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മത്തായിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. ഇതിനു ശേഷം നാളെ കുടപ്പനക്കുന്ന് പള്ളിയിൽ മത്തായിയുടെ മൃതശരീരം അടക്കം ചെയ്യും. മത്തായി മരിച്ച് നാൽപ്പത് ദിവസം തികയുന്നമ്പോൾ ആണ് അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്കരിക്കുന്നത്. ഭർത്താവിൻ്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തും വരെ മൃതദേഹം മറവ് ചെയ്യേണ്ടെന്ന ശക്തമായ നിലപാട് മത്തായിയുടെ ഭാര്യ സ്വീകരിച്ചതോടെയാണ് സംഭവത്തിൽ ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണവും ഇപ്പോൾ സിബിഐ അന്വേഷണത്തിനും വഴി തുറന്നത്.

Related Articles

Latest Articles