ദുബൈ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗം പകരുവാനുള്ള ചെറിയൊരു സാധ്യത സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലും കനത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ച് യു.എ.ഇ. പകര്‍ച്ചവ്യാധി തടയുന്നതിനും പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇൗ നടപടികള്‍. സമ്പർക്ക വിലക്ക് ലംഘിച്ച് നടക്കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം (10 ലക്ഷം രൂപ) പിഴ ചുമത്താനാണ് തീരുമാനം. ജോലി ആവശ്യത്തിനോ അവശ്യവസ്തുക്കളോ വാങ്ങുവാനല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ രണ്ടായിരം ദിര്‍ഹം ചുമത്തും.അനാവശ്യമായി ആശുപത്രികളില്‍ പോകുന്നതു പോലും പിഴ കിട്ടാന്‍ വഴിവെക്കും. സ്വന്തം വാഹനമാണെങ്കില്‍ പോലും മൂന്നിലേറെ പേര്‍ യാത്ര ചെയ്താല്‍ നല്‍കണം ആയിരം ദിര്‍ഹം ഫൈന്‍. ഇൗ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിന്നെ ഇരട്ടിത്തുക പിഴയായി ഇൗടാക്കും. പിന്നെയും ചെയ്തുവെന്നു വന്നാല്‍ പ്രോസിക്യുഷന്‍ നടപടികള്‍ ആരംഭിക്കും.മന്ത്രിസഭാ തീരുമാനത്തിൻ്റെ അടിസ്ഥാനത്തില്‍ യു.എ.ഇ അറ്റോണി ജനറല്‍ പ്രഖ്യാപിച്ചതാണിത്. നിര്‍ദേശിച്ച മരുന്ന് കഴിക്കാതെ, ആശുപത്രിയില്‍ കിടക്കാതെ നടക്കുന്നവര്‍ക്ക് അര ലക്ഷം പിഴ ചുമത്തും. അധികൃതര്‍ നിര്‍ദേശിച്ചതു പ്രകാരം അടച്ചിടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാശാലകള്‍, ജിംനേഷ്യം,ക്ലബുകള്‍, മാര്‍ക്കറ്റുകള്‍, പാര്‍ക്ക്, കഫേ, റസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവക്കെല്ലാം അര ലക്ഷം ചുമത്തും. ഇവിടെ സന്ദര്‍ശനം നടത്തുന്നവരും 500 ദിര്‍ഹം വീതം പിഴ നല്‍കേണ്ടി വരും.കൂടാതെ, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തിയാല്‍ പതിനായിരം ദിര്‍ഹമാണ് പിഴ. പങ്കെടുക്കാനെത്തിയവര്‍ അയ്യായിരം വീതം നല്‍കേണ്ടി വരും. പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടായിരം ദിര്‍ഹം ചുമത്തും.താല്‍കാലിക അടച്ചിടലില്‍ നിന്ന് ഒഴിവാക്കിക്കൊടുത്ത സ്ഥലങ്ങളില്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിട്ടില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ ഇൗടാക്കും. രോഗാണുകലര്‍ന്നതോ കലരാന്‍ സാധ്യതയുള്ളതോ ആയ വസ്ത്രങ്ങള്‍, ലഗേജുകള്‍ തുടങ്ങിയവ കൃത്യമായ അണുനാശനം നടത്തുകയോ അതിനാവുന്നില്ലെങ്കില്‍ നശിപ്പിക്കുകയോ വേണം. അല്ലാത്ത പക്ഷം 3000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. കപ്പലില്‍ വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ 10000 ദിര്‍ഹം പിഴയുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തവര്‍ക്ക് അയ്യായിരം ദിര്‍ഹം പിഴ ചുമത്തും. അനാവശ്യമായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്നതും ഒഴിവാക്കണം. ആയിരം ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ആവശ്യപ്പെട്ടിട്ടും ആരോഗ്യപരിശോധന നടത്താന്‍ കൂട്ടാക്കാതെ വന്നാല്‍ അയ്യായിരം ദിര്‍ഹമാണ് പിഴ.

