Wednesday, May 22, 2024
spot_img

രണ്ടാം പിണറായി സർക്കാരിന്റെ നൂറാം ദുരന്തദിനം ഇന്ന് | PINARAYI VIJAYAN

രണ്ടാം പിണറായി സർക്കാർ ഇന്ന് നൂറ് ദിവസം പൂർത്തിയാക്കുകയാണ്. ഏറെ പ്രതീക്ഷയോടെ പുതുമുഖങ്ങളുമായി അധികാരത്തിൽ കയറിയ സർക്കാർ കനത്ത തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. അണികളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് മുന്നേറാൻ സാധിക്കാതെ വന്നപ്പോൾ സഭാ സമ്മേളനങ്ങളിൽ അടക്കം സർക്കാർ പൊളിഞ്ഞു പാളീസായി. പ്രതിപക്ഷം ഉയർത്തി കൊണ്ടുവന്ന വിഷയങ്ങൾ ഓരോന്നായി അംഗകരിക്കേണ്ടിയും വന്നു സർക്കാറിന്. ഇതോടെ നൂറ് ദിവസം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാറിൽ ആഹ്ലാദവുമില്ല, ആഘോഷവുമില്ല എന്ന നിലയിലാണ്.

ഇന്ന് 100 ദിവസം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 100 ദിന കർമ പദ്ധതികളുടെ അവലോകനം നടത്തിയെങ്കിലും വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്ന പൊതുവികാരമാണ് നിലനിൽക്കുന്നത്. 193 പദ്ധതികൾ 100 ദിന കർമ പദ്ധതിയിൽ പ്രഖ്യാപിച്ചതിൽ 35 എണ്ണം പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. 115 പദ്ധതികൾ സെപ്റ്റംബർ 19നകം പൂർത്തിയാക്കുമെന്നും മന്ത്രിമാർ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ മെയ്‌ 20ന് ആണ് അധികാരമേറ്റതെങ്കിലും 100 ദിന പദ്ധതി ജൂൺ 11നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പദ്ധതികൾ സെപ്റ്റംബർ 19ന് പൂർത്തിയാക്കണം.

മരാമത്തു വകുപ്പിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നിവ വഴി മാത്രം 2464.92 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 20 ലക്ഷം അഭ്യസ്തവിദ്യർക്കു കെഡിസ്‌കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി അനുസരിച്ചു തൊഴിലവസരം സൃഷ്ടിക്കാൻ തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചതായി തദ്ദേശ മന്ത്രി അറിയിച്ചു. ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും 1000 പേരിൽ 5 പേർക്കു വീതം തൊഴിൽ അവസരം ഒരുക്കാനാണു നിർദ്ദേശം.

100 ദിന പദ്ധതിയിൽ 12,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പൂർത്തിയാക്കിയെന്നും പട്ടയ വിതരണം 13,000 കടന്നുവെന്നും റവന്യു മന്ത്രി അറിയിച്ചു. അതീവ ദാരിദ്ര്യ നിർമ്മാർജനം, വൈജ്ഞാനിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക തുടങ്ങിയവ ആയിരുന്നു മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. കോവിഡ് വ്യാപനം കൈവിട്ടനിലയിലേക്കെത്തിയതും, സാമ്പത്തിക ആഘാതത്തിൽനിന്ന് കരകയറാനാകാത്തതും സർക്കാരിനെ പിടിച്ചുലച്ചു.

സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. എല്ലാമേഖലയിൽനിന്നുള്ള വരുമാനവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നീ നാല് മിഷനുകളും, പ്രളയാനന്തരം തുടങ്ങിയ കേരള പുനനിർമ്മാണവും ഒരുകുടക്കീഴിലാക്കിയാണ് പുതിയ സർക്കാരിന്റെ പദ്ധതിനിർവഹണം. നവകേരളം കർമപദ്ധതി-രണ്ട് എന്ന് പേരിട്ട് ഏകീകൃതമിഷനാക്കിയെങ്കിലും പണമില്ലാത്തതിനാൽ ഇവയൊന്നും കാര്യമായി ജീവൻവെച്ചിട്ടില്ല.

കിഫ്ബി പദ്ധതികൾക്കൊന്നും ഇതുവരെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നതാണ് ആശ്വാസം. കോവിഡ് വാക്സിൻ വിതരണത്തിലും രോഗശമനമുണ്ടാക്കാനായില്ല. ഇതിനകം 1.99 കോടിപ്പേർക്ക് സംസ്ഥാനത്ത് ഒരുഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇനിയും അടച്ചിട്ടാൽ തിരിച്ചുവരാനാകില്ലെന്ന ഘട്ടത്തിലാണ് വ്യാപരമേഖലയ്ക്ക് ഇളവുനൽകിയതെങ്കിലും സാമ്പത്തികാഘാതം ഈ മേഖലയെയും ബാധിച്ചു.

ഭരണത്തുടർച്ചയുടെ നൂറുദിനങ്ങൾ പൂർത്തിയാകുമ്പോൾ രാഷ്ട്രീയവിവാദങ്ങൾക്കും ആരോപണങ്ങൾക്കും കുറവുണ്ടായിട്ടില്ല. എന്നാൽ, പുതിയ സർക്കാരും പുതിയ പ്രതിപക്ഷ വുമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാനുള്ള ശ്രമമാണ് ഇരുപക്ഷത്തുമുണ്ടായത്. അടച്ച് ആക്ഷേപിക്കുന്ന രീതിയിലേക്ക് മാറാതെ പ്രതിപക്ഷം ക്രിയാത്മകമായി മാറാൻ ശ്രമിച്ചു. സർക്കാർ പാർട്ടിക്കതീതമായി നിൽക്കുന്നവെന്ന തോന്നൽ മാറ്റി എല്ലാതട്ടിലും പാർട്ടിനിയന്ത്രണം കൊണ്ടുവരുന്ന സമീപനം സിപിഎമ്മും സ്വീകരിച്ചു.

മുട്ടിൽ മരംമുറി, നിയമസഭ കൈയാങ്കളി കേസിൽ മന്ത്രിയടക്കം വിചാരണ നേരിടണമെന്ന സുപ്രീംകോടതിവിധി, കെ.എം. മാണിക്കെതിരായ സുപ്രീംകോടതി പരാമർശം, രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ സിപിഎം. ബന്ധം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഇതെല്ലാം സർക്കാരിനും, എൽ.ഡി.എഫിനും തലവേദനയുണ്ടാക്കി. 100 ദിന പദ്ധതിയുടെ പുരോഗതി വിശദീകരിക്കാൻ മുഖ്യമന്ത്രി വരുംദിവസങ്ങളിൽ പത്രസമ്മേളനം നടത്തിയേക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles