Monday, May 13, 2024
spot_img

മതപരിവർത്തനത്തിന് സമ്മതിച്ചില്ല; പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ വെടിവച്ച് കൊന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാവുന്നു. മതപരിവർത്തനത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ വെടിവച്ച് കൊന്നു. തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്. സിന്ധ് പ്രവിശ്യയിലെ സുക്കൂറിൽ സ്ഥിതിചെയ്യുന്ന റോഹിയിലെ തെരുവിലാണ് പൂജയെന്ന 18കാരി കൊല്ലപ്പെട്ടത്( 18-year-old Hindu girl Pooja Oad shot dead in the middle of the road for resisting an abduction attempt In Pakistan).

നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കുന്നതിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം നടന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ പാകിസ്ഥാനിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്ന് സാമൂഹ്യ പ്രവർത്തകർ പ്രതികരിച്ചു.

ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളോട് ഇമ്രാൻ ഖാൻ സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നുമാണ് വിമർശനം. പ്രതിവർഷം നൂറുക്കണക്കിന് ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളാണ് ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനത്തിന് വിധേയരാകുന്നത്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ സമുദായത്തിലെ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലുകൾക്ക് നിരന്തരമായി വിധേയരാകുന്നു. നിർബന്ധിത വിവാഹവും മതപരിവർത്തനവുമാണ് ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികൾ നാളുകളായി നേരിടുന്നതെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയതിനു ശേഷം ഇങ്ങനെയുള്ള സംഭവങ്ങൾ സ്ഥിരമായി രാജ്യത്ത് ഉണ്ടാകുന്നുവെന്നും പ്രതിഷേധവുമായി എത്തിയവർ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles