Tuesday, April 30, 2024
spot_img

സർക്കാർ വാദങ്ങൾ തകർന്നു തരിപ്പണമാകുന്നു; നികുതി, ഗ്രാൻഡ് ഇനങ്ങളിൽ 11 വർഷത്തിനിടെ കേന്ദ്രത്തിൽ നിന്ന് കേരളം കൈപ്പറ്റിയത് 2.8 ലക്ഷം കോടി!!

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി സംസ്ഥാന സർക്കാർ ആരോപിക്കുന്നതിനിടെ, 11 വർഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രത്തിൽ നിന്ന് കേരളം കൈപ്പറ്റിയത് 2,78,979.06 കോടി രൂപയെന്ന് വെളിപ്പെടുത്തുന്ന നിയമസഭാ രേഖകൾ പുറത്തുവന്നു. 2011–12 സാമ്പത്തിക വർഷം മുതൽ 2022 ജൂൺ വരെയുള്ള കണക്കാണിത്. കേന്ദ്ര നികുതി വിഹിതമായി 1,40,542.85 കോടി രൂപയും ഗ്രാന്റായി 1,38,436.21 കോടി രൂപയും ഇക്കാലയളവിൽ കേരളം കൈപ്പറ്റി.

കേരളത്തിന്റെ ആരോപണങ്ങൾക്കു, അർഹമായതെല്ലാം സംസ്ഥാനത്തിനു നൽകുന്നുണ്ടെന്നു കേന്ദ്രം തക്കതായ മറുപടി നല്കുന്നതിനിടെയാണ് ഇതിനു കൂടുതൽ കരുത്ത് പകർന്നുകൊണ്ട് നിയമസഭാരേഖൾ പുറത്തുവന്നത്. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖകൾ കേരളം കൃത്യസമയത്ത് സമർപ്പിക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്നു പാർലമെന്റിൽ തുറന്നടിച്ചിരുന്നു.

2011–12 വർഷത്തിൽ കേന്ദ്ര നികുതി വിഹിതം 5990.36 കോടി രൂപയായിരുന്നെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിൽനിന്ന് ആ വർഷം 3709.22 കോടി രൂപ ഗ്രാന്റായി ലഭിച്ചു. ആകെ ലഭിച്ചത് 9699.58 കോടി രൂപ. 2021–22ൽ കേന്ദ്ര നികുതി വിഹിതമായി 17,820.09 കോടി രൂപയും ഗ്രാന്റായി 30,017.12 കോടി രൂപയും ലഭിച്ചു. ആകെ ലഭിച്ചത് 47,837.21 കോടി രൂപയാണ്.

വരുന്ന സാമ്പത്തിക വർഷം നികുതി വിഹിതമായി 19,633 കോടി രൂപ കേരളത്തിന്റെ അക്കൗണ്ടിലെത്തും . ആകെ നികുതിയുടെ 1.925 ശതമാനമാണിത്. കഴിഞ്ഞ ബജറ്റിൽ 15,270 കോടി രൂപയായിരുന്നു വിഹിതം. കോർപറേഷൻ നികുതിയായി 6293.42 കോടി, ആദായനികുതി 6122.04 കോടി, കേന്ദ്ര ജിഎസ്ടിയായി 6358.05 കോടി, കസ്റ്റംസ് ഡ്യൂട്ടി 623.74 കോടി, കേന്ദ്ര എക്സൈസ് നികുതി 261.24 കോടി എന്നിങ്ങനെയാണ് സംസ്ഥാനത്തിന് തുക ലഭിക്കുന്നത്.

Related Articles

Latest Articles